Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

ഏവർകും ബിഗ്‌മഞ്ചേരി യുടെ പുതിയ ഇസ്ലാമിക്‌ സൈറ്റിലേക് സ്വാഗതം

Download Now
ലൈലത്തുൽ ഖാദർ
മാസങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടം റമദാന്‍. ഈ ഉല്‍കൃഷ്ടത്തിന് നിദാനം വിശുദ്ധ ഖുര്‍ആനിന്റെ അവതരണം റമദാനിലാണെന്നതാണ്.
റമദാനിലെ ഒരു അനുഗ്രഹീത രാത്രിയാണ് ഈ അവതരണമെന്ന് വിശുദ്ധ ഖുര്‍ആന്‍ (44:3) പറയുന്നു. ഈ പുണ്യരാവിലെ വിശുദ്ധ ഖുര്‍ആന്‍ ആണത്രെ (97:1) ലൈലത്തുല്‍ ഖദ്ര്‍ എന്ന നാമകരണം ചെയ്യുന്നു. രാത്രികളില്‍ ഏറ്റവും ഉത്തമമാണ് ഈ രാത്രി. ഈ രാത്രിയുടെ സാന്നിധ്യമാണ് റമദാനിലെ മുപ്പത് ദിവസത്തിനുപ്രാധാന്യം നേടിക്കൊടുത്തത്. റമദാനിനോടു സാമീപ്യം പുലര്‍ത്തിയതുകൊണ്ടാണ് ശഅ്ബാനിനും ശവ്വാലിനും മഹത്വം കൈവന്നത്. ആയിരം മാസത്തെ അതിജീവിക്കുന്ന ഈ ഒരു രാത്രി. അപ്പോള്‍ അതിലെ ഒരു സല്‍കര്‍മ്മം ആയിരം മാസത്തെ സദ്കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമാണ്. അല്ലാഹു പറയുന്നു: "ആ ഗ്രന്ഥം ലൈലത്തുല്‍ ഖദ്‌റില്‍ നാം അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. ആ രാത്രി അല്ലാഹു തീരുമാനിച്ച് സകല കാര്യങ്ങള്‍ക്കും വേണ്ടി അവന്റെ അനുവാദപ്രകാരം മലക്കുകളും റൂഹും (ജിബ്‌രീലും) ഇറങ്ങിവരും. ആ രാത്രി ശാന്തിയാണ്, പ്രഭാതോദയംവരെ"എന്താണ് ലൈത്തുല്‍ ഖദ്ര്‍? ഖദ്‌റിന്റെ രാത്രി. എന്താണ് ഖദ്ര്‍? ഈ അര്‍ത്ഥങ്ങളെ ആധാരമാക്കി നിര്‍ണ്ണയത്തിന്റെ രാത്രി എന്നും മഹത്വത്തിന്റെ രാത്രി എന്നും ലൈലത്തുല്‍ ഖദ്ര്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഇരു വ്യാഖ്യാനവും ശരിയും ഉചിതവുമാണ്. ഒരു വര്‍ഷത്തേക്കുള്ള ആഹാരം, മരണം ആദിയായ കാര്യങ്ങളെല്ലാം അല്ലാഹു അതിന് നിശ്ചയിച്ച മലക്കുകളെ ഏല്‍പ്പിക്കുന്നത് ഈ രാത്രിയിലാണ്. സകല കാര്യങ്ങളും അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഒരുവര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിയുക്ത മലക്കുകള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും ഉത്തരവാദിത്വ നിര്‍വഹണത്തിന് അവര്‍ക്ക് ആജ്ഞ നല്‍കുകയും ചെയ്യുന്ന സന്ദര്‍ഭമായത് കൊണ്ടാണ് നിര്‍ണ്ണയത്തിന്റെ രാത്രി എന്നുപേര് നല്‍കിയിട്ടുള്ളത്. (ശറഹു മുസ്ലിം 4/320).

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: "സകല ഭവിഷ്യല്‍ കാര്യങ്ങളും നേരത്തെ ആലേഖനം ചെയ്യപ്പെട്ട മൂല രേഖയായ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് നടപ്പുവര്‍ഷത്തില്‍ ഉണ്ടാകുന്ന ആഹാരം, ജനനം, മരണം ആദിയായ കാര്യങ്ങള്‍ പകര്‍ത്തി എഴുതപ്പെടുന്നു. ഹാജിമാരുടെ എണ്ണം വരെ അതില്‍പെടും".

ഇക്‌രിമ (റ) പറയുന്നു:" പ്രസ്തുത വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്ന വ്യക്തികളുടെ പേരുകള്‍ അവരുടെ പിതൃനാമ സഹിതം ഏറ്റക്കുറച്ചിലില്ലാതെ പകര്‍ത്തിയെഴുതും (തഫ്‌സീര്‍ ഖുര്‍തുബി 20/116).

മഹത്വത്തിന്റെ രാത്രി എന്നാണല്ലോ രണ്ടാമത്തെ വ്യാഖ്യാനം. ഇതിന്റെ ഔചിത്യം വളരെ സ്പഷ്ടമാണ്. അല്ലാഹു അത്യുന്നത പദവി നല്‍കിയ രാത്രിയാണല്ലോ ഇത്. ഏറ്റവും മഹത്തായ ഗ്രന്ഥം ഏറ്റവും മഹത്തായ സമുദായത്തിനുവേണ്ടി ഏറ്റവും മഹാനായ പ്രവാചകന് അവതീര്‍ണ്ണമായ രാത്രി.
ആരാധനകള്‍ക്ക് വലിയ സ്ഥാനവും അധികം പ്രതിഫലവും ലഭിക്കുന്ന രാത്രി. സ്ഥാനമില്ലാത്ത വിശ്വാസിക്ക് സ്ഥാനാരോഹണമുണ്ടാകുന്ന രാത്രി. മഹാന്മാരായ മലക്കുകള്‍ അവതരിക്കുന്ന രാത്രി. നന്മയുടേയും മോചനത്തിന്റെയും അനുഗ്രഹത്തിന്റെയും സവിശേഷ രാത്രി. ഇതില്‍പരം മഹത്വം മറ്റെന്തുണ്ട്. അതുകൊണ്ട് തന്നെ ഈ രാത്രിയെക്കുറിച്ച് മഹത്വത്തിന്റെ രാത്രി എന്നും പറയാം. (തഫ്‌സീര്‍ ഖുര്‍തുബി 20/116).

ഏതാണ് ലൈലത്തുല്‍ ഖദ്ര്‍? അത് റമദാനിലെ ഒരു രാത്രി തന്നെ. പക്ഷെ, ആ രാത്രി ഏതാണെന്നു വ്യക്തമായി സംശയലേശമന്യേ നമുക്കു പറയാന്‍ കഴിയില്ല. കാരണം, നബി തിരുമേനി അതു നിര്‍ണ്ണയിച്ചു തന്നിട്ടില്ല. അതിന് തിരുമേനിക്കു അല്ലാഹു അനുമതി നല്‍കിയിട്ടുമില്ല. ഈ അത്യുല്‍കൃഷ്ട രാത്രിയുടെ പുണ്യം പ്രാപിക്കാന്‍ വേണ്ടി റമദാനിന്റെ സകല രാത്രികളിലും ആരാധനാ നിരതരായി വിശ്വാസികള്‍ കഠിനാധ്വാനം ചെയ്യുന്നതിനുവേണ്ടി അല്ലാഹു മുഴു റമദാനിലായി അതിനെ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ഈ ഉദ്ദേശത്തിനു വേണ്ടിതന്നെയാണ് അഞ്ച് നിസ്‌കാരങ്ങളില്‍ വുസ്ത്വാ നിസ്‌കാരവും അല്ലാഹുവിന്റെ തിരുനാമങ്ങളില്‍ വിളിച്ചാല്‍ ഉടനെ ഉത്തരം കിട്ടുന്ന ഇസ്മുല്‍ അഅ്‌ളമും വെള്ളിയാഴ്ചയുടെ സമയങ്ങളില്‍ പ്രാര്‍ത്ഥനക്ക് സത്വര മറുപടി ലഭിക്കുന്ന സമയവും രാത്രിയുടെ സമയങ്ങളില്‍ ഉറപ്പായും ഉത്തരം ലഭിക്കുന്ന സമയവും അല്ലാഹു മറച്ചുവെച്ചിട്ടുള്ളത്. അപ്രകാരം തന്നെ മനുഷ്യന്‍ ഒരു തെറ്റും ചെയ്യാതിരിക്കുന്നതിന് വേണ്ടി അവന്റെ കോപത്തെ മൊത്തം പാപങ്ങളിലും മനുഷ്യന്‍ എല്ലാ നന്മകളും ചെയ്യുന്നതിനുവേണ്ടി അവന്റെ പൊരുത്തത്തെ മൊത്തം സല്‍ക്കര്‍മ്മങ്ങളിലും ഗോപ്യമാക്കി വെച്ചിരിക്കുന്നു. ഏത് ദോഷം കൊണ്ടാണ് മനുഷ്യര്‍ അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും വിധേയനാവുകയെന്നറിയില്ല. അപ്പോള്‍ സകല ദോഷങ്ങളും വര്‍ജിക്കുവാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു.
ഏത് സല്‍ക്കര്‍മ്മം മൂലമാണ് അല്ലുഹാവിന്റെ പൊരുത്തത്തിനും അംഗീകാരത്തിനും വിധേയനാവുകയെന്ന് മനുഷ്യനറിയില്ല. അപ്പോള്‍ സകല സല്‍ക്കര്‍മ്മങ്ങളും ചെയ്യാന്‍ അവന്‍ പ്രേരിതനാകുന്നു. ഇതുതന്നെയാണ് ലോകാവസാനത്തിന്റെയും ഇഷ്ടദാസന്റെയും നില. ലോകാവസാനം എപ്പോഴാണെന്ന് ആര്‍ക്കുമറിയില്ല. തദ്വാര ഏത് സമയത്തും അതിനെക്കുറിച്ച് ഭക്തിപൂര്‍വ്വം വിശ്വാസി ജാഗ്രതപുലര്‍ത്തുന്നു. നാല്‍പത് വിശ്വാസികള്‍ കൂടുമ്പോള്‍ അതില്‍ അല്ലാഹുവിന്റെ ഇഷ്ടദാസനായ ഒരു സദ്‌വൃത്തന്‍ ഉണ്ടായിരിക്കും. അവനാരാണെന്ന് നമുക്കറിയില്ല. അപ്പോള്‍ ഏതൊരു മുസ്ലിമിനെയും ബഹുമാനിക്കുവാനും അംഗീകരിക്കാനും നാം നിര്‍ബന്ധിതരാകുന്നു. ഇതുതന്നെയാണ് ലൈലത്തുല്‍ ഖദ്‌റിന്റെയും സ്ഥിതി. റമദാനിലെ ഏത് രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന മഹോന്നത രാത്രി എന്ന് സ്പഷ്ടമായി നമുക്കറിയില്ല. അപ്പോള്‍ റമദാനിലുടനീളം സകല രാവുകളെയും പരമാവധി ആദരിക്കുവാന്‍ ഈ അവ്യക്തത നിമിത്തമാകുന്നു. (തഫ്‌സീറുല്‍ ഖുര്‍ത്തുബി 20/21).
റമദാനിലെ ഏത് രാത്രിയാണ് ഖദ്‌റിന്റെ രാത്രി എന്നതില്‍ അവ്യക്തത ഉണ്ടെങ്കിലും അവസാനത്തെ പത്തിലെ രാവുകളാണ് ഏറ്റവും പ്രതീക്ഷക്ക് വകയുള്ളത്. അവയില്‍ കൂടുതല്‍ പ്രതീക്ഷക്ക് വകയുള്ളത് ഒറ്റ രാവുകളാണ്. ഒറ്റ രാവുകളില്‍ അധിക പ്രതീക്ഷക്കര്‍ഹമായത് 27-ാം രാവാണ്. നബി തിരുമേനി (സ) റമദാനില്‍ ആരാധനാ നിരതനാവുകയും കഠിനാധ്വാനത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഒടുവിലത്തെ പത്തില്‍ അനിതരസാധാരണമായ ആവേശത്തോടെ തീവ്ര യത്‌നത്തിലേര്‍പ്പെടുകയുമായിരുന്നു. ഒടുവിലെ പത്തിലെ ഒറ്റ രാവുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കാന്‍ അവിടന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സ്വഹാബിമാരില്‍ ഒരു വിഭാഗം 27-ാം രാവാണ് ഖദ്‌റിന്റെ രാത്രി എന്ന് അഭിപ്രായപ്പെട്ടതായി ഇമാം നവമി ശറഹുല്‍ മുസ്‌ലിമിന്‍ (4/320) ഉദ്ധരിക്കുന്നു. മഹാനായ ഉബയ്യുബ്‌നു കഅ്ബ് (റ) അങ്ങനെ ഉറപ്പിച്ച് ആണയിട്ട് പറഞ്ഞതായി മുസ്ലിം (762) രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവമിയുടെ പ്രസ്താവന കാണുക:
27-ാം രാവ് എന്നാല്‍ ഇവ്വിഷയത്തിലുള്ള ഒരു അഭിപ്രായമാണ്. ബഹുഭൂരിപക്ഷം പണ്ഡിതരും ഒടുവിലത്തെ പത്തിലെ ഒരു അവ്യക്ത രാത്രിയാണ് അതെന്നും അവയില്‍ ഏറ്റവും പ്രതീക്ഷാവഹമായ ഒറ്റ രാത്രികളാണെന്നും ഒറ്റ രാത്രികളില്‍ ഏറ്റവും പ്രതീക്ഷായോഗ്യമായത് 27, 23, 21 എന്നീ രാത്രികളാണെന്നും അഭിപ്രായപ്പെടുന്നു. (ശറഹു മുസ്ലിം 3/299) ലൈലത്തുല്‍ ഖദ്ര്‍ 27-ാം രാവാകുമെന്ന് ഇമാം അഹമ്മദ് ഉദ്ധരിച്ചിട്ടുണ്ട്. ഹദീസിന്റെ വിവക്ഷ ഏറ്റം പ്രതീക്ഷാര്‍ഹമായ രാത്രി അതാകുന്നു എന്നുമാത്രമാണ്. ലൈലത്തുല്‍ ഖദ്‌റിനെ ആരെങ്കിലും ശ്രദ്ധാപൂര്‍വ്വം പ്രതീക്ഷിക്കുന്നുവെങ്കില്‍ 27-ാം രാവില്‍ പ്രതീക്ഷിക്കട്ടെ എന്ന ഹദീസ് (ഫത്ഹുല്‍ ബാരി 4/265) അതിന് ഉപോല്‍ബലകമാണ്. ഖദ്ര്‍ സൂറത്തിലെ മൊത്തം പദങ്ങളെണ്ണിയാല്‍ 27-ാമത്തെ പദമായി വരുന്നത് "ഹിയ" എന്ന സര്‍വ്വനാമമാണ്. അതാകട്ടെ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രതിസംജ്ഞയാണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റുചിലരുടെ ഗവേഷണം ഇങ്ങനെയാണ്: ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകം ഒമ്പത് അക്ഷരങ്ങളാണ് അറബിയില്‍. ഈ വാചകം പ്രസ്തുത അധ്യായത്തില്‍ മൂന്നുതവണ ആവര്‍ത്തിച്ചിട്ടുണ്ട്. മൂന്നിനെ ഒമ്പതുകൊണ്ട് ഗുണിച്ചാല്‍ 27 കിട്ടും. ലൈലത്തുല്‍ ഖദ്ര്‍ 27-ാം രാവാണെന്ന് പൊതുജനം വിശ്വസിക്കുന്നതുകൊണ്ട് "ലൈലത്തുല്‍ ഖദ്‌റില്‍ നീ വിവാഹമോചിതയാകുമെന്ന് ഒരാള്‍ തന്റെ ഭാര്യയോട് പറഞ്ഞാല്‍ റമദാന്‍ 27-ാം രാവില്‍ അവള്‍ വിവാഹമോചിതയാകുമെന്ന് ചില ഹനഫീ പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫത്ഹുല്‍ ബാരി 4/265). എന്നാല്‍ ഇതെല്ലാം ചില നിഗമനങ്ങള്‍ മാത്രമാണ്. 27ന് തന്നെ എന്നുറപ്പിക്കുന്നതിന് പര്യാപ്തമായ തെളിവുകളില്ല. കാരണം 40ലധികം അഭിപ്രായങ്ങള്‍ ഇവ്വിഷയകമായി വന്നിട്ടുണ്ട്. ഓരോ അഭിപ്രായക്കാരനും തന്റെ നിഗമനത്തിനാധാരമായ ചില ന്യായങ്ങളുണ്ട്. അവയെല്ലാം ഇബ്‌നു ഹജര്‍ അസ്ഖലാനി ഫത്ഹുല്‍ ബാരി (4/267)യില്‍ സംക്ഷേപിച്ച് ഉദ്ധരിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ റമദനാനിലുടനീളം ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കണം. ഒടുവിലത്തെ പത്തില്‍ പ്രത്യേകിച്ചും. ഒറ്റ രാവുകളില്‍ കൂടുതലായും. എങ്ങനെയാണ് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കേണ്ടത്? ആരാധനകള്‍ കൊണ്ട് ധന്യമാക്കിയാണ് പ്രതീക്ഷിക്കേണ്ടത്. നിസ്‌ക്കാരം, ദാനധര്‍മ്മം, പ്രാര്‍ത്ഥന, തൗബ, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, സ്വലാത്ത് എന്നിവ കൊണ്ടാണ് ഈ വിശുദ്ധ രാത്രിയെ ധന്യമാക്കേണ്ടത്. ഏകാഗ്ര മനസ്സിന്റെ ഭക്തിതാപത്താല്‍ നിര്‍ഗളിക്കുന്ന ചുടുബാഷ്പങ്ങള്‍ കൊണ്ടാണ് ഖദ്‌റിന്റെ രാത്രിയില്‍ ലോക രക്ഷിതാവിന്റെ പടിവാതില്‍ക്കല്‍ സങ്കട ഹരജി കുറിക്കേണ്ടത്. ഖദ്‌റിന്റെ പുണ്യം നേടി സുഭഗരാകാന്‍ അല്ലാഹു നമ്മെ തുണക്കുമാറാകട്ടെ.
Whatsapp Status
. Back . Home . Top
[|Standard browser] 171964
© Bigmanjeri.Mobi®